Monday, July 11, 2011

എല്‍.സി.ഡി.സ്‌ക്രീനുകളെ ത്രിമാനമാക്കാന്‍ വിദ്യ


ത്രീഡി സങ്കേതികത ഇപ്പോള്‍ ഏതാണ്ടെല്ലാ മേഖലയിലേക്കും കടന്നുവന്നിരിക്കുന്നു. സിനിമ തുടങ്ങി ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ദൃശ്യാനുഭവം നല്‍കുന്ന മിക്ക മേഖലയിലും ത്രീഡി സങ്കേതം കാലുറപ്പിച്ചു കഴിഞ്ഞു.

മികച്ചൊരു സ്്മാര്‍ട്ടഫോണോ ടാബ്‌ലറ്റോ കയ്യിലുണ്ടായിട്ടും അതില്‍ ത്രീഡിയില്‍ കാണാന്‍ പറ്റുന്നില്ലല്ലോ എന്ന് ഇപ്പോള്‍ പലര്‍ക്കും തോന്നുന്നുണ്ടാവാം. ഇത്തരക്കാര്‍ക്ക് തുണയാകാന്‍ പുതിയൊരു മാര്‍ഗം രംഗത്തെത്തുകയാണ്.

ഒരിനം പ്രത്യേക ഫിലിമാണ് ദ്വിമാന സ്‌ക്രീനുകളെ ത്രിമാനമാക്കാന്‍ സഹായിക്കുക. ഗ്ലോബര്‍ വേവ് (Global Wave) എന്ന കമ്പനിയാണ് പിക്ത്രീഡി (Pic3D) എന്ന പേരിലുള്ള ഈ ഫിലിമുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ജപ്പാനില്‍ നടന്ന 'ത്രീഡി ആന്‍ഡ് വിര്‍ച്വല്‍ റിയാലിഷോ'യില്‍ ഇത് അവതരിപ്പിച്ചു.

കമ്പ്യൂട്ടര്‍, സ്്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ഐഫോണ്‍ എന്നിവയുടെ എല്‍.സി.ഡി. സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ഫിലിം നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക ത്രീഡി കണ്ണടയുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന വീഡിയോയും ചിത്രങ്ങളും ഫിലിമിന്റെ സഹായത്തോടെ ഈ ഉപകരണങ്ങളില്‍ കാണാനാവും എന്നര്‍ഥം.


വളരെ നേര്‍ത്തതും സുതാര്യമായതമായ പിക്ത്രീഡി ക്രീന്‍ മേല്‍പ്പറഞ്ഞ ഉപകരണങ്ങളുടെ സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വ്യത്യസ്ത വലിപ്പത്തില്‍ ലഭ്യമാണ്. ത്രിമാന ദൃശ്യങ്ങള്‍ കാണിക്കാനായി നിലവില്‍ ഉപയോഗിക്കുന്ന 'പാരലാക്‌സ് ബാരിയര്‍' (Parallax barrier) സങ്കേതത്തിന് പകരമായി ലെന്റിക്യുലാര്‍ ലെന്‍സ്' (lenticular lens) സിസ്റ്റമാണ് പിക്ത്രീഡിയില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

എല്‍.സി.ഡി സ്‌ക്രീനിന് മുകളില്‍ അനായാസം ഒട്ടിച്ചുവെച്ച് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. എന്നാല്‍, SbS(Side-by-side) ത്രീഡി വീഡിയോ ഫോര്‍മാറ്റിലുള്ള ദൃശ്യങ്ങള്‍ മാത്രമേ ഇതില്‍ കാണാന്‍ സാധിക്കൂ. ഇതിന് ഒരു പ്രത്യേക ആപ്ലിക്കേഷനും ആവശ്യമാണ്. ഈ ആപ്ലിക്കേഷന്‍ Pic3D സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാകും.

യൂട്യൂബ് അടക്കമുള്ള വീഡിയോ സൈറ്റുകളിലെ ഇത്തരം ഫോര്‍മിറ്റിലുള്ള വീഡിയോകള്‍ കാണാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. ഐഫോണ്‍ വിന്‍ഡോസ് ഒഎസുകളെയും സപ്പോര്‍ട്ട്‌ചെയ്യുന്നതാണ് ഈ ആപ്ലിക്കേഷന്‍. ആഗസ്ത് മുതല്‍ പിക്ത്രീഡി ഫിലിമുകള്‍ വിതരണത്തിന് ലഭ്യമാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വലിപ്പത്തിനനുസരിച്ച് 25 ഡോളര്‍ മുതല്‍ 186 ഡോളര്‍ വരെയാണ് വില.



(from Mathrubhumi)

No comments:

Post a Comment