Tuesday, October 19, 2010

ഗൂഗിളിന്റെ കാറിന് ഡ്രൈവറില്ല!

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ എന്നും ഇങ്ങനെയാണ്. എന്തെങ്കിലും എന്നും പുതിയത് കണ്ടെത്തി കൊണ്ടേയിരിക്കണം. നേരത്തെ ഓണ്‍ലൈന്‍ ലോകത്ത് സജീവമായിരുന്ന ഗൂഗിള്‍ തങ്ങളുടെ സാങ്കേതിക സേവനങ്ങള്‍ മറ്റു കണ്‍ടെത്തലുകള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവും അവസാനമായി ഡ്രൈവര്‍ ഇല്ലാതെ സഞ്ചരിക്കുന്ന കാറും ഗൂഗിള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത്തരമൊരു കാറിന്റെ ഔദ്യേഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അമേരിക്കയിലെ തിരക്കേറിയ നഗരങ്ങളായ സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ് ആന്‍ജിലസിനുമിടയില്‍ ഡ്രൈവറില്ലാത്ത ഗൂഗിള്‍ കാര്‍ സവാരി നടത്തി കഴിഞ്ഞു. ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ഇടയിലൂടെ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് ടയോട്ട പ്രയസ് കാര്‍ 140,000 മൈല്‍ ദൂരം സഞ്ചരിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

ഗൂഗിള്‍ സാങ്കേതിക വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത സോഫ്ട്‌വേറാണ് കാറിനെ നിയന്ത്രിക്കുന്നത്. പരീക്ഷണവേളയില്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഉണ്ടായിരുന്നു എങ്കിലും പരീക്ഷണം നിരീക്ഷിക്കല്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി. പരീക്ഷണ സോഫ്റ്റ്വേറിന്റെ ഭാഗമായ നാവിഗേഷന്‍ സംവിധാനം നിരീക്ഷിക്കാന്‍ ഒരു ടെക്‌നീഷ്യനും കാറിലുണ്ടായിരുന്നു.

അപകടങ്ങള്‍ കുറയ്ക്കുക, സമയം ലാഭിക്കുക, കാര്‍ബണ്‍ വ്യാപനം തടയുക തുടങ്ങിയ ലക്‍ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി പരീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. വീഡിയോ ക്യാമറകള്‍, റഡാര്‍ സെന്‍സറുകള്‍, ലേസര്‍ സങ്കേതം തുടങ്ങിയവയുടെ സഹായത്തോടെ ചുറ്റുപാടും നിരീക്ഷിച്ച്, ശരിയായ തീരുമാനങ്ങളെടുത്താണ് കാര്‍ സ്വയം ഡ്രൈവ് ചെയ്യുന്നത്.

പതിനഞ്ചോളം സാങ്കേതിക വിദഗ്ധരുടെ മികവിലാണ് ഗൂഗിള്‍ ഡ്രൈവറില്ലാത്ത കാര്‍ വികസിപ്പിച്ചെടുത്തത്. മണിക്കൂറിന് 15 ഡോളര്‍ ശമ്പളം നല്‍കിയാണ് ഇവരെ ഗൂഗിള്‍ പുതിയ ദൌത്യം ഏല്‍പ്പിച്ചത്. ആറ് പ്രയസ് കാറുകളും ഒരു ഓഡി ടി ടി യുമാണ് നിലവില്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

No comments:

Post a Comment